സർക്കാർ നിസംഗത പാലിക്കുന്നു; പി ജി ഡോക്ടർമാരുടെ സമരം തീർക്കാൻ അടിയന്തര ഇടപെടൽ വേണം: സതീശൻ

 

പി ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായിബാധിക്കുകയും ചെയ്യും. വിഷയത്തിൽ സർക്കാർ നിസംഗത പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി

സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗർഭിണികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന നിലപാട് സമരം ഒത്തുതീർക്കുന്നതിന് സഹായകരമല്ല. പി ജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം

നാല് മാസം മുമ്പ് സൂചന സമരം നടത്തിയപ്പോൾ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കാത്തതിനാലാണ് വീണ്ടും സമര രംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പി ജി ഡോക്ടർമാർ പറയുന്നു. ഇത് ആത്യന്തികമായി ബാധിക്കുന്നത് പാവപ്പെട്ട രോഗികളെയാണ്. അതിനാൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു