യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ സനയിലെ അപ്പീൽ കോടതി തള്ളി. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയായ നിമിഷക്ക് വധശിക്ഷ ലഭിച്ചത്
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
നിമിഷക്ക് വേണമെങ്കിൽ സുപ്രീം ജുഡീഷ്യൽ കൗണിസിലിനെ സമീപിക്കാം. പക്ഷേ യെമനിലെ നിയമവ്യവസ്ഥ പ്രകാരം ഇനി വധശിക്ഷയിൽ നിന്നൊഴിവാക്കുക സാധ്യമല്ല. വധശിക്ഷ ഒഴിവാക്കാനായി നിമിഷ മുന്നോട്ടുവെച്ച കാരണങ്ങളെല്ലാം അപ്പീൽ കോടതി തള്ളിയതാണ്ആകെയുള്ള സാധ്യത കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതിക്ക് മാപ്പ് നൽകുകയെന്നതാണ്. ചോരപ്പണം വാങ്ങി ഇവർ മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്നൊഴിവാകാം. പക്ഷേ തലാലിന്റെ കുടുംബം ഇതുവരെ മാപ്പ് നൽകാൻ തയ്യാറായിട്ടില്ല.