Headlines

‘ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചപ്പോള്‍ ഈ ധാര്‍മികതയൊന്നും കണ്ടില്ലല്ലോ; മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല’; അടൂര്‍ പ്രകാശ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചപ്പോള്‍ ഈ ധാര്‍മികതയൊന്നും കണ്ടില്ലല്ലോ എന്നും സിപിഐഎമ്മിന്റെ ഈ ധാര്‍മികത തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ് അദ്ദേത്തിന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്ന സമയത്തൊന്നും ഈ ധാര്‍മികത കണ്ടില്ലല്ലോ. ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഈ ധാര്‍മികത ആര്‍ക്കും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ധാര്‍മികത കൂടുന്നത്.
പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനുമുള്ള ജോലിയല്ല ഉള്ളത്. അദ്ദേഹം ഇന്ന് കേരളത്തിലുടനീളം ജനങ്ങളുടെ മനസ്സ് കണ്ടറിഞ്ഞ്, ഭരണത്തിന്റെ ഭീകരതകള്‍ ജനങ്ങളെ അറിയിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന ഒരു അവസ്ഥയാണുള്ളത്. രാഷ്ട്രീയത്തിനതീതമായി, ജാതിമത ചിന്തകള്‍ക്കതീതമായി ഒരു വലിയ മുന്നേറ്റം കേരളത്തില്‍ ഉടനീളമുണ്ടാകുന്നു. അതാണ് സിപിഐഎമ്മിന്റെ നേതാക്കന്മാര്‍ ഇതിനെതിരെ ശബ്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.

മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. ഏതായാലും ഞങ്ങള്‍് കാര്യങ്ങള്‍ അന്വേഷിക്കട്ടെ – അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. കെഎസ്യു മന്ത്രിയുടെ അടുത്തു പോലും എത്തിയില്ല. മൂന്നോ നാലോ കെഎസ്‌യുക്കാരും 35 പോലീസുകാരും ഉണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും ഇനിയും പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.