ക്വാറന്‍റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൌദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റൈന്‍ ലംഘിച്ചത്.

പരിശോധനക്കിടെ മാസ്ക് ധരിക്കാത്തത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനിലിരിക്കെയാണ് പുറത്തിറങ്ങിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ നിന്ന് ഇയാള്‍ കുതറി ഓടുകയായിരുന്നു.

പിന്നീട് പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സാഹായത്താല്‍ ഇദ്ദേഹത്തെ പിടികൂടി ആശുപത്രിയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ചെന്നീര്‍ക്കര സ്വദേശിയായ ഇദ്ദേഹം രണ്ടുദിവസം മാത്രമായിരുന്നു ക്വാറന്‍റൈനില്‍ ഇരുന്നത്. എന്തായാലും ഇദ്ദേഹത്തിന് രോഗമില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും.