കത്തിയുമായി കോളജിൽ പോയത് സ്വയ രക്ഷക്ക് വേണ്ടിയെന്ന് ധീരജിനെ കുത്തിക്കൊന്ന നിഖിൽ പൈലി

 

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെ എസ് യു അക്രമികൾ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ മൊഴി പുറത്ത്. സ്വയ രക്ഷക്ക് വേണ്ടിയാണ് കയ്യിൽ കത്തിയും കരുതി കോളേജിലേക്ക് പോയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജിൽ എത്തിയതെന്നും പ്രതിയായ നിഖിൽ പൈലി മൊഴി നൽകി

അതേസമയം കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം ഇപ്പോൾ ധീരജിന്റെ കോളജിലേക്ക് കൊണ്ടുപോകുകയാണ്. ഇവിടെ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് സ്വദേശമായ കണ്ണൂരിലേക്ക് വിലാപ യാത്രയോടെ കൊണ്ടുപോകും.

ഇന്നലെയാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിയും സഹായി ജെറിൻ ജോജോയും ചേർന്ന് കുത്തിക്കൊന്നത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.