ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പൈലി പിടിയിൽ. രക്ഷപ്പെടാനുള്ള ബസ് യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഇയാൾ പിടിയിലായത്.
സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിരുന്നു. കുത്തേറ്റ് കിടക്കുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ പൊലീസുകാരോട് അഭ്യർത്ഥിച്ചപ്പോൾ ‘അവിടെ കിടക്കട്ടെ’ എന്ന് പൊലീസ് പറഞ്ഞു എന്ന് കോളജ് വിദ്യാർത്ഥി പറഞ്ഞു.
“നാലഞ്ച് പേര് ഓരോ സൈഡിൽ നില്പുണ്ടായിരുന്നു. അവരോട് ഞങ്ങൾ പറഞ്ഞു, വണ്ടി വേണം, ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് പറഞ്ഞു. അപ്പോ അവര് പറഞ്ഞു, അവിടെ കിടക്കട്ടെന്ന് പറഞ്ഞു. പിന്നെ കോളജ് ആവശ്യത്തിനായ വണ്ടി തടഞ്ഞുനിർത്തി ആ വണ്ടിയിലാണ് കേറ്റിക്കൊണ്ടുവന്നത്.”- വിദ്യാർത്ഥി പ്രതികരിച്ചു.
ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാർത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായുള്ള കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. അഭിജിത്ത് ടി. സുനിൽ, അമൽ എ എസ് എന്നീ രണ്ട് വിദ്യാർത്ഥികൾക്കുകൂടി സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.