ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള വിലക്ക് തുടരും; സിബിഐ ആവശ്യം ഹൈക്കോടതി തള്ളി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരായ അന്വേഷണത്തിനുള്ള വിലക്ക് ഹൈക്കോടതി ഈ മാസം 17 വരെ നീട്ടി. ഇന്ന് തന്നെ വിലക്ക് നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സ്റ്റേ നീട്ടിയത്

സിബിഐ കേസിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ശിവശങ്കറും സ്വപ്‌നയും യൂനിടാകും അടക്കമുള്ള പ്രതികളുടെ പങ്കിന് കൂടുതൽ തെളിവ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി നൽകിയത്.

വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷൻ തട്ടാനാണെന്ന് സിബിഐ ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു. ലൈഫ് മിഷനുമായി കരാർ ഉണ്ടാക്കിയിരുന്നെങ്കിൽ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പൺ ടെൻഡർ വിളിക്കണമായിരുന്നുവെന്നും സിബിഐ പറഞ്ഞു.