കഴക്കൂട്ടത്ത് ബസിന് പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും മരിച്ചു

 

കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെ എസ് ആർ ടി സി ബസിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.

ബാലരാമപുരത്ത് താമസിക്കുന്ന രാജേഷ്, ഋത്വിക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുചിതയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  1. സുഹൃത്തിന്റെ വീട്ടിലേക്ക് ഇവർ പോകും വഴിയാണ് അപകടമുണ്ടായത്. ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ടിരുന്ന ബസിലേക്ക് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.