ജോജുവിന്റെ കാർ തകർത്ത കേസ്: കീഴടങ്ങാൻ നിർദേശിച്ച രണ്ട് പേർ മുങ്ങി, വെട്ടിലായി കോൺഗ്രസ്

നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രണ്ട് പ്രതികൾ കീഴടങ്ങാത്തതിൽ കോൺഗ്രസ് ജില്ലാ നേതൃത്വം വെട്ടിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനും മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസുമാണ് ഇനി കീഴടങ്ങാനുള്ളത്. ഒന്നാം പ്രതിയും കൊച്ചി മുൻ മേയറുമായ ടോണി ചമ്മണിയടക്കം നാല് പ്രതികൾ ഇന്നലെ പ്രകടനമായെത്തി സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു

ആറ് പ്രതികളോടും സ്‌റ്റേഷനിലെത്തി കീഴടങ്ങാനാണ് പാർട്ടി നിർദേശം നൽകിയിരുന്നത്. എന്നാൽ ഇരുവരും ഇന്നലെ സ്ഥലത്തെത്തിയില്ല. ഫോൺ ഓഫ് ചെയ്ത് രണ്ട് പേരും മുങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ഇന്നലെ കീഴടങ്ങിയ നാല് പേർ അടക്കം അഞ്ച് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എന്നാൽ രണ്ട് പ്രതികൾ കീഴടങ്ങാനുള്ളത് ജാമ്യം ലഭിക്കുന്നതിനും തടസ്സമായേക്കും. ഇന്നെങ്ങനെയെങ്കിലും ഇവരെ സ്റ്റേഷനിലെത്തിക്കാനുള്ള ശ്രമം ഡിസിസി ഊർജിതമായി നടത്തുന്നുണ്ട്.