കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഒന്നാംപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഇയാൾ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.