വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി;സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം
വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി. ഇന്ന് വെളുപ്പിനാണ് ബെക്സ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് ഇത്തിഹാദിെൻറ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലേക്ക് തിരിച്ചത്. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിലെത്തി.
നഷ്ടപ്പെട്ടെന്നു കരുതിയിടത്തു നിന്നു തിരിച്ചു കിട്ടിയ മകനു വേണ്ടി അമ്മ ചന്ദ്രിക, അച്ഛൻ കൃഷ്ണൻ എന്നിവരോടൊപ്പം പ്രിയ ഭർത്താവിനായി വീണയും അച്ഛനുവേണ്ടി അദ്വൈതും കാത്തിരിപ്പിലായിരുന്നു. 2017ൽ ചന്ദ്രികയും വീണയും അദ്വൈതും അബുദാബിയിലെ ജയിലിലെത്തി ബെക്സിനെ കണ്ടിരുന്നു.
നാട്ടിലെത്തിയ ശേഷം ഇനി കാണാമെന്ന് ആശ്വസിപ്പിച്ചാണ് അന്ന് ബെക്സ് മകനെ തിരിച്ചയച്ചത്. ആ വാക്കുകളിലെ പ്രതീക്ഷ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയിലൂടെ സാക്ഷാത്കരിച്ചതിൻ്റെ സന്തോഷത്തിലാണ് ഇവർ. 2012 സെപ്റ്റംബർ 7നാണ് ബെക്സ് ഓടിച്ചിരുന്ന കാർ അപകടത്തിൽപെട്ട് സുഡാൻ ബാലൻ മരിച്ച കേസിൽ 2013 ലാണ് അബുദാബി കോടതി ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. , തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ (45) നാട്ടിലെത്തിയപ്പോൾ സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം.
സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.
ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്,’’ അദ്ദേഹത്തിന്റെ വാക്കുകൾ.