പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബൂദബിയിലാണ് താമസം. 1973 ഡിസംബർ 31- നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.