പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കും. കാലാനുസൃതമായ കൂടുതല്‍ കോഴ്‌സുകള്‍ സൃഷ്ടിച്ച് സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാര്‍ജ്ജിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ എല്ലാവര്‍ക്കും ഒരേ നിലയിലുള്ള വിദ്യാഭ്യാസം സാധ്യമായി. അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുത്ത് മികവുറ്റതാക്കി. സംസ്ഥാനത്തെ വിജ്ഞാന സമൂഹമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം, കൃത്യതയോടെ പാഠപുസ്തക വിതരണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ്. മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ്. അമ്പലവയല്‍, ജി.എല്‍.പി.എസ്. എടയൂര്‍ക്കുന്ന് എന്നീ സ്‌കൂളുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജി.എച്ച്. എസ്.എസ്. പനങ്കണ്ടി, ജി.എച്ച്.എസ്.എസ്. നീര്‍വാരം, ജി.എച്ച്.എസ്.എസ്. കോളേരി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളും, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ്.എസ്. വൈത്തിരി, ജി.യു.പി.എസ്. കമ്പളക്കാട്, ജി.എല്‍.പി.എസ്. പാല്‍വെളിച്ചം, ജി.യു.പി.എസ്. തലപ്പുഴ, ജി.എല്‍.പി.എസ്. ചിത്രഗിരി എന്നീ വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.