മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ റഷീദ. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലെത്തി മകനെ കണ്ടതിന് ശേഷം റഷീദ പ്രതികരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് ബാബുവിനെ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവരെ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും റഷീദ പറഞ്ഞു
സൈന്യം എത്തിയപ്പോൾ തന്നെ ആത്മവിശ്വാസമായി. അവർ മല കയറിയാൽ രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നു. നാട്, സൈന്യം, പത്രപ്രവർത്തകർ, കലക്ടർ എല്ലാവരും വന്നു. കലക്ടർ മലയുടെ മുകളിൽ വരെ എത്തി. എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു