തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതി ബിജുലാലിന് ജാമ്യം ലഭിച്ചത് വിവാദമാകുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും എങ്ങുമെത്തിയില്ല.
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു. കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍ ജോലി ചെയ്ത മറ്റ് ട്രഷറികളിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്.
ഇതുകൂടാതെ ക്യാഷ് കൗണ്ടറില്‍ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.