കേരളത്തിൽ ബാറുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള സുപ്രധാന യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയ പശ്ചാത്തലത്തിൽ ബാറുകൾ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാർ ഉടമകൾ അഭ്യർത്ഥിച്ചിരുന്നു.
ബാറുകൾ തുറക്കാനുള്ള ശുപാർശയടങ്ങിയ ഫയൽ, എക്സൈസ് കമ്മീഷ്ണർ, മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു കൂട്ടുന്നത്.