രണ്ട് ഡോസും എടുത്ത പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി; വാക്‌സിന്‍ എടുത്താലും നമ്മള്‍ സുരക്ഷിതരല്ല

 

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചശേഷം നാം പൂര്‍ണ സുരക്ഷിതരാണെന്ന ബോധം വച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് നടി അഹാന കൃഷ്ണ. രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച തന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി മരിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ രോഗം കഠിനമാകില്ല എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ അത് തെറ്റാണെന്നും നടി പറയുന്നുണ്ട്. വാക്‌സിന്‍ പലര്‍ക്കും സുരക്ഷിതത്വം നല്‍കിയേക്കാമെങ്കിലും എല്ലായ്‌പ്പോഴും അക്കാര്യത്തില്‍ ഉറപ്പുണ്ടാകണമെന്നില്ല എന്നും അഹാന പറയുന്നു.

‘കുഞ്ഞ് ഇഷാനിയെ കൈയ്യിലെടുത്തിരിക്കുന്ന, ഈ പിങ്ക് സാരി ധരിച്ച ആളാണ് മോളി അമ്മൂമ്മ, എന്റെ അമ്മുമ്മയുടെ ഇളയ സഹോദരി. അവര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഏപ്രില്‍ അവസാനം വിവാഹം ക്ഷണിക്കാല്‍ വീട്ടില്‍ വന്ന ഒരാളില്‍ നിന്നാണ് രോഗം വന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് ആയി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഞങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയാവുന്നതിനും അപ്പുറമാണ്. ഒരുപാട് നല്ല നിമിഷങ്ങള്‍ എന്റെ അമ്മയുമായി അമ്മൂമ്മ പങ്കുവച്ചിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെ ഒരു മരണത്തെക്കുറിച്ച് അമ്മൂമ്മ ചിന്തിച്ചിട്ടുണ്ടാവില്ല. 64 വയസ്സായ അവര്‍ രണ്ടു ഡോസ് വാക്സിനും എടുത്തതാണ്.