ന്യൂല്‍ഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനും സുരക്ഷിതമാണെന്നും എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും അത് സ്വീകരിക്കണമെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം വി കെ പോള്‍. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനോട് കാണിക്കുന്ന വിമുഖതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡിനെതിരേ വികസിപ്പിച്ച വാക്‌സിന്‍ എടുക്കാതിരുന്നാല്‍ നമ്മുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റില്ലെന്നാണ് അര്‍ത്ഥം. രാജ്യങ്ങള്‍ വാസ്‌കിനുവേണ്ടി നെട്ടോട്ടമോടുകയാണ്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാവരോടും ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും സുരക്ഷിതമാണ്. വാക്‌സിനോടുള്ള വിമുഖത അവസാനിപ്പിക്കണം. ഇതല്ലാതെ കൊവിഡിനെ എങ്ങനെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ചോദിച്ചു.
”രാജ്യത്ത് 580 പേരിലാണ് വാക്‌സിനെടുത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇന്നത്തെ നിലവച്ച് വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലമുണ്ടാക്കുന്നതാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. മറിച്ചാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്”- അദ്ദേഹം ആവര്‍ത്തിച്ചു.