ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യ യാത്രകൾക്കായി പാസ് നിർബന്ധം; ഇന്ന് വൈകുന്നേരം മുതൽ അപേക്ഷിക്കാം

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ യാത്രക്കായി പോലീസ് പാസ് നിർബന്ധമാക്കി. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും. അതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയൽ കാർഡുകളോ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാം

അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നൽകാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശ്യം എന്നിവ ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം.

അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണിൽ ലഭ്യമാകുകയും ചെയ്യും. മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്കും അപേക്ഷിക്കാം. ആശുപത്രി ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങി അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെയും യാത്ര ചെയ്യാം.