ഇരിങ്ങാലക്കുടയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ഇരിങ്ങാലക്കുട കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനവും നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിന് പുറമെ മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ഈ വഴിയുള്ള ദീർഘദൂര ബസുകൾ ഒഴികെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ രണ്ട് എണ്ണം വീതം തുറക്കാം. റേഷൻകടകൾ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. പൊതുവാഹന ഗതാഗതം നിരോധിച്ചു.

നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളിൽ പത്ത് പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല.