സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ നിലവിൽ വന്നു. അത്യാവശ്യങ്ങൾക്കല്ലാതെ ഇന്ന് ആരും പുറത്തിറങ്ങരുത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകുന്നേരത്തോടെ നിലവിൽ വരും
പാഴ്‌സൽ നൽകാനായി ഹോട്ടലുകൾക്ക് തുറക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അന്തർജില്ലാ യാത്രകൾ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ അനുവദിക്കൂ. വാഹന റിപ്പയർ ഷോപ്പുകൾ ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം
ചരക്കുഗതഗതത്തിന് തടസ്സമുണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പോലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരും.
25,000 പോലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥർക്കായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകാൻ പോലീസ് പാസ് നൽകും. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കയ്യിൽ കരുതണം. അന്തർ സംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.