അനധികൃത മണൽ ഖനം: സീറോ മലങ്കര ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ

 

അനധികൃത മണൽ ഖനന കേസിൽ സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ. ബിഷപ് സാമുവൽ മാർ ഐറേനിയോസ്, വികാരി ഫാദർ ഷാജി തോമസ്, ഫാദർ ജോസ് ചാമക്കാല, ഫാദർ ജോർജ് സാമുവൽ, ഫാദർ ജിയോ ജയിംസ്, ഫാദർ ജോസ് കാലായിൽ എന്നിവരെയാണ് തമിഴ്‌നാട് സിബിസിഐഡി സംഘം അറസ്റ്റ് ചെയ്തത്

തിരുനെൽവേലിയിലെ അംബാ സമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് നടപടി. അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഷപ് സാമുവൽ മാർ ഐറേനിയോസിനെയും ഫാദർ ജോസ് ചാമക്കാലയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരെ കോടതിയിൽ ഹാജരാക്കി സബ് ജയിലിൽ റിമാൻഡ് ചെയ്തു

അംബാസമുദ്രം മേഖലയിൽ സീറോ മലങ്കര സഭയ്ക്ക് 300 ഏക്കറോളം ഭൂമിയുണ്ട്. ഇവിടെ അനധികൃത മണൽ ഖനനം നടത്തിയെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സിബിസിഐഡി സംഘം ബിഷപിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. എന്നാൽ സ്ഥലം പാട്ടത്തിന് നൽകിയതാണെന്നും കരാറുകാരനാണ് മണൽ ഖനനം നടത്തിയതെന്നുമാണ് സഭ വിശദീകരിക്കുന്നത്.

താമര ഭരണ പുഴയിലെ അനധികൃത മണൽ ഖനനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. സബ് കലക്ടർ നടത്തിയ അന്വേഷണത്തിൽ 27,770 ഖനയടി മണൽ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഒമ്പത് കോടി രൂപ പിഴ ഈടാക്കണമെന്ന് നിർദേശിച്ചാണ് സബ് കലക്ടർ റിപ്പോർട്ട് നൽകിയത്.

40 വർഷമായി സഭയുടെ അധീനതയിലുള്ള സ്ഥലത്ത് കൃഷി ചെയ്യാൻ മാനുവൽ ജോർജ് എന്നയാളെ ചുമതലപ്പെടുത്തിയതാണെന്നും ഇക്കാലയളവിൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് അദ്ദേഹം മണൽ ഖനനം നടത്തുകയുമായിരുന്നുവെന്നാണ് സഭയുടെ വിശദീകരണ കുറിപ്പിൽ പറയുന്നത്. കേസിൽ നേരത്തെ മാനുവൽ ജോർജിനെയും അറസ്റ്റ് ചെയ്തിരുന്നു.