പ്രശസ്ത നടനും കായിക താരവുമായ പ്രവീൺ കുമാർ സോത്ബി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1960-72 കാലഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത അത്‌ലറ്റ് കൂടിയാണ് സോബ്തി
ഹാമർ ത്രോ, ഡിസ്‌കസ് ത്രോ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മത്സരയിനങ്ങൾ. 1966ലും 1970ലും ഡിസ്‌കസ് ത്രോയിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1968, 1972 വർഷങ്ങളിൽ ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുണ്ട്.
1981ലെ രക്ഷ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. മൈക്കിൾ മദന കാമരാജൻ, മേരി ആവാസ് സുനോ, കമാൻഡോ, ഖയാൽ, ട്രെയിൻ ടു പാക്കിസ്ഥാൻ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബി ആർ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഭീമ എന്ന വേഷമാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്.
രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കിയിട്ടുണ്ട്. 2013ൽ ആം ആദ്മി പാർട്ടിയിൽ അംഗമായ സോത്ബി ഡൽഹി വാസിർപൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നാലെ സോബ്തി ബിജെപിയിൽ ചേർന്നു.