പ്രകടന പത്രിക നടപ്പാക്കിയ സർക്കാർ; കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെച്ചുവെന്നും ഗവർണറുടെ നയപ്രഖ്യാപനം

പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞും കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തിയും കാർഷിക നിയമത്തെ വിമർശിച്ചും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പ്രകടന പത്രിക നടപ്പാക്കിയ സർക്കാരാണിതെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു

നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. കൊവിഡിനെ ആർജവത്തോടെ നേരിട്ടു. ആരും പട്ടിണി കിടക്കാതിരിക്കാൻ ജാഗ്രത കാണിച്ചു. കൊവിഡ് ആശ്വാസപദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഗവർണർ പറഞ്ഞു

അതേസമയം കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചു. വികസനം അട്ടിമറിക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തി. പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നൽകും. പരമാവധി തൊഴിൽ നൽകും. കൊവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്തുവെന്നും പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി