തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്; തട്ടിപ്പിന്റെ ആഴംകൂടുന്നു: ആശങ്കയിൽ ജനങ്ങൾ

തിരുവനന്തപുരം: ജനങ്ങളടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന് തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിക്കുമ്പോഴും നഗരസഭ നടത്തിയ അദാലത്തില്‍ എത്തി പണമടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരങ്ങള്‍. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകള്‍. മൂന്ന് സോണല്‍ ഓഫീസുകളില്‍ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥര്‍ വെട്ടിച്ചത്.

സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി. എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടച്ചില്ലെന്നാണ് കണ്ടെത്തല്‍.

ശ്രീകാര്യം സോണില്‍ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണില്‍ 26,74,333 രൂപ ബാങ്കില്‍ അടയ്ക്കാത്ത കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണില്‍ 1,9,836 രൂപ ബാങ്കിലിടാത്ത ജോര്‍ജ്കുട്ടി എന്നിവരെ ഇതിന്റെ പേരില്‍ നഗരസഭ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം മേയർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും നഗരസഭ സംശയത്തിന്റെ നിഴലിലാകുന്നത് സിപിഎമ്മിനും തിരിച്ചടി ആണ്.