കാസർഗോഡ്: കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കാസർഗോഡ് ജില്ലയിൽ രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി. സംസ്കാര കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്.
ചെന്നിത്തല ഏത്തും മുമ്പ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയിൽ മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം തുടങ്ങിയവരെ വാഹനത്തിൽ തടഞ്ഞുവെച്ചു. ഇതോടെ ചെന്നിത്തല പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും തുടർന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു.
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്. ഇവരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പരിപാടി മാറ്റിവെച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.
കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെയാണെന്ന് പരിപാടി സംഘടിപ്പിച്ചതെന്നും സംഘർഷമുണ്ടാക്കിയത് പിലിക്കോട് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവരാണെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.