ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിന് പൊലീസ് വൃദ്ധന്റെ മുഖത്തടിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണല്‍ എസ്.ഐ. ഷജീമാണ് രാമാനന്ദന്‍ നായര്‍ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച് നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന വ്യക്തിയും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു.
ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. കോടതിയില്‍ പോയി നേരിട്ടടച്ചോളാം എന്ന് ഇരുവരും ഉറപ്പ് നല്‍കിയെങ്കിലും പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്