കൊടുവായൂർ: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പിൽനിന്ന് തീപർടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കൊടുവായൂർ കാക്കയൂർ ചേരിങ്കൽ വീട്ടിൽ കണ്ണന്റെയും രതിയുടെയും മകൾ വർഷയാണ് (17) മരിച്ചത്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് മരിച്ചത്. ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വർഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്.
പല്ലശ്ശന വി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ വർഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ ശ്രമിക്കുകയായിരുന്നു. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും മണ്ണെണ്ണ ഒഴിച്ചതോടെ ആളിക്കത്തിയ തീ മുടിയിലും വസ്ത്രത്തിലും പിന്നീട് ശരീരത്തിലേക്കും പടർന്നാണ് ഗുരുതരമായി പൊള്ളലേറ്റത്. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്ന അച്ഛൻ കണ്ണൻ നിലവിളികേട്ട് അടുക്കളയിലെത്തിയപ്പോൾ പൊള്ളലേറ്റ മകളെയാണ് കണ്ടത്. ഉടൻ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവർത്തനം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് വിദഗ്ധചികിത്സയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അവിടെ ഐ.സി.യു. കിടക്ക ഒഴിവില്ലാത്തതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാൻസായി 2.5 ലക്ഷം രൂപ അടയ്ക്കാൻ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു. ഇതിനു കഴിയാതെ വന്നതോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അച്ഛൻ കണ്ണൻ പാലക്കാട്ട് ഓട്ടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. പുതുനഗരം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സഹോദരങ്ങൾ: വിഷ്ണു, ജിഷ്ണു.