ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലെന്ന് റിപ്പോർട്ട്. പെട്ടിമുടിയിലെ തോട്ടം തൊഴിലാളികൾ താമസക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതായാണ് സംശയിക്കുന്നത്. 80 ഓളം പേരാണ് നാല് ലയങ്ങളിലായി താമസിച്ചിരുന്നത്. മണ്ണിനടിയിൽപ്പെട്ട മൂന്ന് പേരെ പുറത്തെടുത്തതായി വിവരമുണ്ട്
തമിഴ് വംശജരായ തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്. വൈദ്യുതി ബന്ധമില്ലാത്തതിനാൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ ആശങ്കയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് ഇതുവരെ എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയത്തിലാണ് പാലം തകർന്നത്. പുതിയ പാലത്തിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയും ഇവിടെയുണ്ട്.