മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലിൽ സംഭവിച്ചത് വലിയ ദുരന്തമെന്ന് വാർത്തകൾ. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയെന്നാണ് പഞ്ചായത്തംഗം ഗിരി മാധ്യമങ്ങളോട് പറഞ്ഞത്. ലയങ്ങളിൽ ആളുകൾ താമസിക്കുന്നുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു
ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. വലിയ ആശങ്കയാണ് മേഖലയില്‍
ഉടലെടുത്തിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് എത്താൻ ആകാത്ത സ്ഥിതിയാണ്. പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം അരമണിക്കൂറിനിള്ളിൽ മേഖലയിൽ എത്തുമെന്ന് വനംവകുപ്പ് അറിയിച്ചു
കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടം നടന്നത്. സാധ്യമായതെല്ലാം ചെയ്യുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. രാജമലയിലേക്ക് രക്ഷാപ്രവർത്തകർ ഉടനെത്തുമെന്ന് സബ് കലക്ടർ പറഞ്ഞു. ആശയവിനിമയത്തിന് അടക്കം തടസ്സം നേരിടുന്നുണ്ടെന്നും സബ് കലക്ടർ അറിയിച്ചു
നാല് ലയങ്ങളിലായി എൺപതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. മണ്ണിനടിയിൽപ്പെട്ട മൂന്ന് പേരെ പുറത്തെടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്