കോഴിക്കോട്: സ്വകാര്യ കടയില്‍നിന്ന് ലോറിയില്‍ കയറ്റിയ റേഷനരി പൊലീസ് പിടികൂടി. 182 ചാക്ക് റേഷനരിയാണ് പിടികൂടിയത്. വലിയങ്ങാടിയിലെ സീന ട്രേഡേഴ്സില്‍നിന്ന് കയറ്റിക്കൊണ്ടുപോകുകയായിരുന്ന റേഷനരിയാണ് ചെറൂട്ടി റോഡില്‍നിന്ന് ടൗണ്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
അരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കടയുടമ നിര്‍മല്‍, ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അപ്പുക്കുട്ടന്,സഹായി ഹുസൈന് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ സ്ഥലത്തെത്തി ഇത് റേഷനരിയാണെന്ന് സ്ഥിരീകരിച്ചു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 50 കിലോയുടെ ചാക്കിലാണ് അരി കയറ്റിയത്. എവിടെ നിന്നാണ് അരി എത്തിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.