കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സ്വദേശിനി പിടിയിൽ. കളമശ്ശേരി സ്വദേശി നീതുവാണ്(23) കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്
ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു കടത്തിക്കൊണ്ടുപോയത്. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ആശുപത്രി പരിസരത്തെ ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു
ഹോട്ടലിൽ നിന്ന് ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇതിനായി അലക്‌സ് എന്നയാളുടെ ടാക്‌സിയാണ് ഹോട്ടലുകാർ വിളിച്ചത്. നവജാത ശിശുവിനെ കൊണ്ടുപോകാനാണെന്ന് അറിഞ്ഞതോടെ മെഡിക്കൽ കോളജിൽ നിന്ന് കുട്ടിയെ കാണാതായിട്ടുണ്ടെന്ന വിവരം അലക്‌സ് ഹോട്ടലുകാരെ അറിയിച്ചു. തുടർന്നാണ് ഹോട്ടൽ മാനേജർ പോലീസിനെ വിവരം അറിയിച്ചത്.