കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളജിൽ നിന്നും കടത്തിക്കൊണ്ടുപോയത്.
ഏറെ തെരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രി പരിസരത്ത് നിന്ന് കണ്ടുകിട്ടി. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൊണ്ടുപോയി ഏറെ നേരമായിട്ടും തിരികെ എത്തിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾ കുട്ടിയെ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നാണ് പോലീസിൽ ബന്ധപ്പെട്ടത്.
ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിനടുത്ത് നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. പോലീസിന്റെ കൃത്യമായ ഇടപെടലാണ് കുട്ടിയെ തിരികെ ലഭിക്കാൻ സഹായകരമായത്.