15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: ഐ ഫോൺ വിവാദത്തിൽ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

 

അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

 

തനിക്കെതിരായ ആരോപണത്തിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ഇവരുടെ തിരക്കഥയാണെന്നും ചെന്നിത്തല പറഞ്ഞു. ഫോൺ ഇപ്പോൾ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പോലിസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടി ലഭിച്ചതിനാനാണ് നിയമനടപടിക്കു മുതിർന്നത്.