സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നു: വി ഡി സതീശൻ

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസിനെ ദുരുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ വെള്ളപൂശാൻ ശ്രമം നടത്തി. പോലീസിന്റെ സഹായത്തോടെയാണ് എഴുതി തയ്യാറാക്കിയ തിരക്കഥ സ്വപ്നയെ കൊണ്ട് വായിപ്പിച്ചതാണെന്നും തെളിഞ്ഞുവെന്നും വി.ഡി സതീശൻ പറഞ്ഞു.

എല്ലാ സാമ്പത്തിക അഴിമതിയുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. കുറ്റകൃത്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമായി. ഒരു യോഗ്യതയുമില്ലാത്തെ ആളെ വലിയ ശമ്പളം നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ പിൻവാതിൽ നിയമനം നൽകി.

ലൈഫ് മിഷൻ കമ്മീഷൻ എത്ര തുകയാണെന്ന് വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും അധഃപതിക്കുന്നത്. പാവപ്പെട്ടവന് വീടുവയ്ക്കാൻ 20 കോടി രൂപ ചാരിറ്റിയായി വന്നതിൽ നിന്നാണ് ഒമ്പതേകാൽ കോടി കമ്മീഷനായി മാറിയത്. ബിഹാറിൽ പോലും ഇത്രയും കമ്മീഷനില്ല.

ഒരു സുപ്രഭാതത്തിൽ എല്ലാ കേന്ദ്ര ഏജൻസികളും അന്വേഷണം നിർത്തി. അതിലും ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ ഒരു ഇടനില നിന്നാണ് ഈ കേസ് അവസാനിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു അവിഹിത ബാന്ധവം ഉണ്ടാക്കാനാണ് ഈ ഇടനില വന്നത്. അതിനു പിന്നിൽ പ്രവർത്തിച്ചവരുടെയും പേരുകൾ പുറത്തുവരുമെന്നും സതീശൻ പറഞ്ഞു.