നിങ്ങൾ തമ്മിൽ ധാരണയായി കേസ് അവസാനിപ്പിക്കുമോയെന്നാണ് സംശയം: സർക്കാരിനെ വിമർശിച്ച് സതീശൻ

 

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്ത് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം അവസാനിപ്പിച്ചു. അതുപോലെ കൊടകര കേസും അവസാനിപ്പിക്കുമോ

നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മിൽ ധാരണയിലെത്തി കേസ് അവസാനിപ്പിക്കുമോയെന്നാണ് കേരളം സംശയിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

ഒമ്പതര കോടി കൊണ്ടുവന്നുവെന്നാണ് വാർത്ത. ആറ് കോടി മറ്റ് ജില്ലയിൽ കൊണ്ടുപോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര കോടി കണ്ടെടുത്തു. ധർമരാജൻ 25 ലക്ഷം മാത്രം കവർച്ച പോയെന്നാണ് പരാതി പറഞ്ഞത്. അയാളുടെ വണ്ടിയിൽ മൂന്നര കോടി ഉണ്ടായിരുന്നുവെന്ന് മൊഴി കിട്ടിയിട്ടും അത് എവിടെ നിന്നു വന്നുവെന്ന് അന്വഷിച്ചിരുന്നോ.

മുഖ്യമന്ത്രിയുടെ മറുപടിയിൽ ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിച്ചില്ല. പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാൻ അവസരമുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോയെന്നും സതീശൻ ചോദിച്ചു.