സ്വർണക്കടത്ത്: എൻ ഐ എ സംഘം യുഎഇയിലേക്ക് പോകും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം യുഎഇയിലേക്കും നീട്ടാൻ എൻ ഐ എ. അന്വേഷണ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകും. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും എൻഐഎ അന്വേഷിക്കും.

വിദേശത്ത് പോയി കേസ് അന്വേഷിക്കുന്നതിന് എൻ ഐ എക്ക് അനുമതി തേടേണ്ടതില്ല. അതേസമയം യുഎഇ സർക്കാരിന്റെ അനുമതി ഇന്ത്യ തേടും. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചുള്ള അന്വേഷണത്തിന് യുഎഇയുടെ സഹകരണം ആവശ്യമാണ്.

കേസിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷനും സന്ദീപും നൽകിയ ജാമ്യ ഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ യുഎപിഎ ചുമത്താൻ കഴിയില്ലെന്നാണ് പ്രതികൾ വാദിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരോട് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. അതേസമയം തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.