ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴിയെടുക്കുന്നത്. കേസ് കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പ്രാഥമിക എഫ്‌ഐആറും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് മരിച്ചത്. ലക്ഷ്മിയും ഡ്രൈവർ അർജുനും രക്ഷപ്പെട്ടു.
ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അടക്കമുള്ള പ്രതികൾ സ്വർണക്കടത്തിൽ പിടിയിലായതിന് പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയങ്ങൾ ഉടലെടുത്തത്.