‘ബി.ജെ.പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, നേമത്തെ അക്കൗണ്ട് എൽ.ഡി.എഫ് ഇത്തവണ ക്ലോസ് ചെയ്യും’; വർഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് മോദി സർക്കാർ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും.

ബി ജെ പിയ്ക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളത്തിലേത്. വർഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൊതുയോഗത്തിൽ ശരണം വിളിച്ചതിനെ മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങൾ ഓർത്താകാം പ്രധാനമന്ത്രി ശരണം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയിലെ പൊതുയോഗത്തിലാണ് മോദി ശരണം വിളിയോടെ പ്രസംഗം തുടങ്ങിയത്.