കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിങ് ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടുകള്‍ ഇന്ന് മുതല്‍ ചെയ്തു തുടങ്ങാം. കൊവിഡ് ബാധിതരാവുകയോ കൊവിഡ് ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്കാണ് അതിനുള്ള സൗകര്യമുള്ളത്. ആരോഗ്യവകുപ്പാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുക. അവര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം കൊവിഡ് നെഗറ്റീവായാലും വോട്ട് ചെയ്യാന്‍ കഴിയില്ല.

അതേസമയം വോട്ടെടുപ്പിന് തലേ ദിവസം മൂന്നു മണിക്കുശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ആ സമയത്ത് പോളിങ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ഉപയോഗിക്കണം.

അതേസമയം പോളിങ് ഓഫിസര്‍ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 8, 10, 14 തിയ്യതികളിലാണ് നടക്കുന്നത്.

8ാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
10ാം തിയ്യതി കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നടക്കും.
14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും.