തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുന്‍പ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുളളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം വൈകീട്ട് മൂന്ന് വരെ കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലുളളവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. ഇവരെ പ്രത്യേകം വോട്ടര്‍മാരായി കണക്കാക്കും. ഇവരുടെ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ വോട്ടെടുപ്പിന്റെ തലേ ദിവസമായ 9 ന് വൈകീട്ട് 3 വരെ പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ ആകുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. 9 ന് വൈകീട്ട് 3 നു ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തെരഞ്ഞെുടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തില്‍ എത്തുന്നവരുടെ വാഹനം വേര്‍തിരിച്ച കാബിന്‍ സൗകര്യം ഉളളതായിരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പോസിറ്റീവായോ ക്വാറന്റൈനിലായോ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് വോട്ടര്‍ നെഗറ്റീവായാലും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടാലും പോസ്റ്റല്‍ വോട്ട് തന്നെ ചെയ്യണം. ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് ജില്ലക്കാരുടെ വിവരങ്ങള്‍ അതത് ജില്ലകളിലെ വരണാധികാരികള്‍ക്ക് കൈമാറുമെന്നും അവര്‍ പറഞ്ഞു.
The Best Online Portal in Malayalam