നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി കുറ്റ്യാടിയുണ്ടായ പരസ്യ പ്രതിഷേധത്തിൽ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നൽകിയെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെപി കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കി.
അതേസമയം പാർട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകിയിട്ടുണ്ട്. സാധാരണ രീതിയിൽ പാർട്ടി കമ്മീഷനെ വെച്ച് അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ റിപ്പോർട്ടുകളോ കൂടാതെയാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടി.
ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടിക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകേണ്ടതുണ്ട്. വിഷയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും തീരുമാനം വന്നാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അറിയിച്ചു.