മാനസ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു: ആത്മഹത്യ ചെയ്ത രാഖിൽ ഒന്നാം പ്രതി, ആദിത്യൻ രണ്ടാംപ്രതി

കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ മാനസ എന്ന യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്

മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി സ്വദേശി രാഖിൽ(32)ആണ് ഒന്നാം പ്രതി. ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കൊണ്ടുവരാനും സംഭവങ്ങൾക്കും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ സ്വദേശി ആദിത്യൻ പ്രദീപ്(27) രണ്ടാം പ്രതിയും തോക്ക് നൽകിയ ബീഹാർ സ്വദേശി സോനുകുമാർ മൂന്നാം പ്രതിയും ഇടനിലക്കാരൻ മനീഷ് കുമാർ വർമ നാലാം പ്രതിയുമാണ്

ജൂലൈ 20നാണ് കോതമംഗലത്ത് മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി രാഖിൽ വെടിയുതിർത്തത്. പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തു.