ഫിലമെന്റ് രഹിത കേരളം: എല്‍ഇഡി ബള്‍ബ് വിതരണം ഈ മാസം ആരംഭിക്കും

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള എല്‍ഇഡി ബള്‍ബ് വിതരണം ഈ മാസം ആരംഭിക്കും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 13 ലക്ഷം വീടുകളിലാണ് ബള്‍ബുകള്‍ വിതരണം ചെയ്യുക. ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കെഎസ്ഇബി അറിയിച്ചു. ബൾബുകളുടെ വില സംബന്ധിച്ച് തീരുമാനമായിട്ടില്ല.

 

ഒമ്പത് വാട്ടിന്റെ എല്‍ഇഡി ആണ് നല്‍കുന്നത്. എല്‍ഇഡിയിലേക്ക് മാറുന്നതിലൂടെ വൈദ്യുതി ഉപഭോഗം താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും മുന്‍കാലത്തേക്കാള്‍ ഗാർഹിക വൈദ്യുതി ബില്ലുകളിൽ കുറവുണ്ടാകും. ഇത്തരത്തില്‍ ലാഭിക്കുന്ന തുകയിലൂടെ എല്‍ഇഡി ബള്‍ബിന്റെ തിരിച്ചടവ് കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും.

 

സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപഭോക്താക്കളുടെയും ഫിലമെന്റ് ബൾബുകൾ മാറ്റി പകരം എൽഇഡി നൽകുന്ന പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി. വൈദ്യുതി ലാഭിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് കെഎസ്ഇബി പദ്ധതി ആവിഷ്കരിക്കരിച്ചത്. നീക്കം ചെയ്യുന്ന ഫിലമെന്റ് ബൾബുകൾ പരിസ്ഥിതി മലിനീകരണത്തിനിടയാക്കാതെ എനർജി മാനേജ്മെന്റ് സെന്റർ ഏറ്റെടുത്ത് സംസ്കരിക്കും.