വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതിയെന്നത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിനം 17 മണിക്കൂറില്‍ താഴെയേ വൈദ്യുതി വിതരണം ചെയ്യുന്നുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ 17 മുതല്‍ 24 മണിക്കൂര്‍ വരെയാണ് വൈദ്യുതി ലഭിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലെ കണക്ക് നോക്കുമ്പോള്‍ ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതിവിതരണം മുന്‍ മാസങ്ങളിലേതിനെക്കാള്‍ കുറഞ്ഞിട്ടുമുണ്ട്. ഉത്തരാഖണ്ഡില്‍ മുന്‍ മാസങ്ങളിലെക്കാള്‍ ഏതാണ്ട് അഞ്ചരമണിക്കൂറോളം കുറവ് വൈദ്യുതിയാണ് ഓഗസ്റ്റില്‍ വിതരണം ചെയ്തത്