സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രം തയാറാക്കി യു പി പോലീസ്

ലഖ്‌നോ: രാജ്യത്തെ നടുക്കിയ ഹത്രാസിലെ ദിളിത് പെണ്‍കുട്ടിയുടെ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രവുമായി ഉത്തര്‍പ്രദേശ് പോലീസ്. സിദ്ദീഖ് കാപ്പന്റെ പല ലേഖനങ്ങളും മുസ്ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതും കമ്യൂണിസ്റ്റ്, മാവോയിസ്റ്റ് അനുകൂലവുമാണെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദീഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കസ്റ്റഡിയിലായപ്പോള്‍ കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്നും യു പി പോലീസ് ആരോപിക്കുന്നു.

കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ദല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്. രാജ്യദ്രോഹ കുറ്റം ആരോപിച്ച് നരേത്തെ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് കാപ്പന്‍ എഴുതിയ ലേഖനത്തിന്റെ കാര്യവും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അതേസമയം പോലീസ് കുറ്റപത്രത്തില്‍ ഉന്നയിച്ച പലതും പച്ചക്കള്ളമാണെന്ന് കാപ്പന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പന്‍ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.