സഞ്ജിത്ത് വധം: അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇയാൾ എവിടെയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണം ഫലപ്രദമായി നടത്താൻ കേസ് സിബിഐക്ക് വിടണമെന്നും ചൂണ്ടിക്കാട്ടി സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ വ്യക്തമാക്കി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.