പ്രായമാകാന്‍ ഇഷ്ടമുള്ളവര്‍ കുറവായിരിക്കും. ഓടിച്ചാടി നടന്നിരുന്ന ശരീരം പെട്ടെന്ന് തളരാനും കിതയ്ക്കാനും പലവിധ രോഗങ്ങളോട് മല്ലിടാനും തുടങ്ങുമ്പോള്‍ ആരുമൊന്ന് പകയ്ക്കും. പ്രായമാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ മറവി രോഗമാണ് പലരെയും വലയ്ക്കുന്ന ഒരു പ്രധാന സംഗതി. തലച്ചോറിനും നാഡീവ്യൂഹത്തിനും സംഭവിക്കുന്ന രോഗങ്ങള്‍ നമ്മുടെ ഓര്‍മയെ മാത്രമല്ല ബാധിക്കുക. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരത്തെ ബാധിക്കുന്ന മറവി രോഗം നിരവധിയായ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ജീവിതശൈലിയിലെ പ്രശ്‌നങ്ങളും ചില പോഷണങ്ങളുടെ അഭാവവും ഈ പ്രക്രിയയെ വേഗത്തിലാക്കി ചിലരെ വളരെ വേഗം അകാല വാര്‍ധക്യത്തിലേക്ക് തള്ളിവിടാറുണ്ട്. ഈ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ നേരത്തെ വരുത്തിയാല്‍ പെട്ടെന്ന് വയസ്സാകുന്നതും മറവി രോഗം വരുന്നതും ഒരു പരിധി വരെ ചെറുക്കാനാകും. തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ചില കാര്യങ്ങളെ പരിചയപ്പെടാം.
1. വൈറ്റമിന്‍ ബി12ന്റെ അഭാവം
വൈറ്റമിന്‍ ബി12 ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ഓര്‍മക്കുറവ് അടക്കമുള്ള പ്രായത്തിന്റെ അവശതകള്‍ വേഗത്തിലാക്കുകയും ചെയ്യും. സസ്യാഹാരികളാണെങ്കിലും മാംസാഹാരികളാണെങ്കിലും വൈറ്റമിന്‍ ബി12 ആവശ്യമായ തോതില്‍ കഴിക്കേണ്ടത് മറവി വരാതിരിക്കാന്‍ സുപ്രധാനമാണ്. ബീഫ്, ചിക്കന്‍, കരള്‍, മീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, യോഗര്‍ട്ട്, ചീസ്, മുട്ട എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അടങ്ങിയ ആഹാര പദാര്‍ഥങ്ങളാണ്.
2. സാമൂഹികമായ ഒറ്റപ്പെടല്‍
സാമൂഹികമായ ഒറ്റപ്പെടല്‍ ഉത്കണ്ഠയും സമ്മര്‍ദവുമേറ്റുകയും തലച്ചോറിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. ജീവിതത്തോടുള്ള ശുഭകരമായ സമീപനവും സാമൂഹിക കാര്യങ്ങളിലെ ഇടപെടലും ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായകമാണ്.
3. ഉറക്കക്കുറവ്
ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കുകയും തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഉറങ്ങുമ്പോഴാണ് നാഡീകോശങ്ങള്‍ക്ക് ഇടയിലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകള്‍ക്ക് വിശ്രമം ലഭിക്കുന്നത്. ഇത് പുതിയൊരു ഉണര്‍വോടെ അടുത്ത ദിനം ആരംഭിക്കാന്‍ തലച്ചോറിനെ സഹായിക്കും. ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥ തലച്ചോറിനെ അതിവേഗം വാര്‍ധക്യത്തിലേക്ക് നയിക്കും.
4. ഹൃദയാരോഗ്യം നിസ്സാരമായി എടുക്കുന്നത്
ഏതു പ്രായത്തിലാണെങ്കിലും നിസ്സാരമായി കാണേണ്ട അവയവമല്ല നമ്മുടെ ഹൃദയം. മോശമായ ഹൃദയാരോഗ്യം മേധാശക്തി ക്ഷയിപ്പിക്കുകയും മറവിരോഗത്തിന്റെ വരവ് എളുപ്പമാക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, നീര്‍ക്കെട്ട് തുടങ്ങി ഹൃദയത്തെയും ശ്വാസകോശത്തെയുമെല്ലാം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നവയാണ്.
5. അലസമായ ജീവിതശൈലി
ആവശ്യത്തിന് വ്യായാമവും ശാരീരിക അധ്വാനവുമില്ലാതെ അലസമായ ജീവിതശൈലി പിന്തുടരുന്നതും തലച്ചോറിനെ മന്ദീഭവിപ്പിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തെ മാത്രമല്ല ബുദ്ധിയെയും മൂര്‍ച്ചയുള്ളതാക്കി വയ്ക്കും. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നു. ദിവസവും 30-40 മിനിട്ട് വ്യായാമവും തുടര്‍ന്ന് പ്രാണായാമവും ചെയ്യുന്നത് തലച്ചോര്‍ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
6. അമിതമായ മദ്യപാനം
അമിതമായ മദ്യപാനം കരളിനെയും ഹൃദയത്തെയും മാത്രമല്ല തകരാറിലാക്കുക. ഇത് തലച്ചോറിനും ഹാനികരമാണ്. മദ്യപാനം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന ബ്രെയിന്‍ അട്രോഫിയിലേക്ക് നയിക്കുകയും ഇത് മറവിരോഗത്തിന് കാരണമാകുകയും ചെയ്യും.