ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍

വെറും വയറ്റില്‍ ചില ലളിതമായ ചേരുവകള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിന് നല്ലതാണ്. കാരണം നിങ്ങളുടെ ദഹനവ്യവസ്ഥ ഈ സമയം മറ്റ് ചുമതലകളൊന്നും നിര്‍വ്വഹിക്കുന്നില്ല. നിങ്ങള്‍ കഴിക്കുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ കൊയ്യുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍ ഇതാ.

രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ, വൈറസ്, അണുക്കള്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതില്‍ രോഗപ്രതിരോധ ശേഷി പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ രോഗബാധിതരാകും. മാത്രമല്ല, അവയില്‍ നിന്ന് കരകയറുന്നതും നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഒരു ശക്തമായ രോഗപ്രതിരോധ വ്യവസ്ഥ, നിങ്ങളുടെ ശരീരത്തിലെ വൈറസ്, ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് പോലുള്ള രോഗകാരികളായ രോഗാണുക്കളോട് പോരാടുകയും ഇവ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിയിലെ ദോഷകരമായ വസ്തുക്കളുടെ സ്വാധീനം തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്നു. കൂടാതെ കോശങ്ങളുടെ അസാധാരണ വളര്‍ച്ച പോലുള്ള ശരീരത്തിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന രോഗങ്ങള്‍ക്കെതിരേ പോരാടുകയും ചെയ്യുന്നു.

വെളുത്തുള്ളി വെളുത്തുള്ളിക്ക് ആന്റിബയോട്ടിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. സ്വാഭാവികമായും അണുബാധകള്‍ ഒഴിവാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശ്വാസകോശ സംബന്ധിയായ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വെളുത്തുള്ളി സഹായിക്കും. നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് നിങ്ങളെ വിവിധ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായിരിക്കും. പരമാവധി നേട്ടങ്ങള്‍ കൊയ്യുന്നതിന് നിങ്ങള്‍ക്ക് ഒഴിഞ്ഞ വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഇട്ട് കഴിക്കാവുന്നതാണ്.

നെല്ലിക്ക നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. സത്യത്തില്‍, വിറ്റാമിന്‍ സി യുടെ ഒരു പവര്‍ ഹൗസ് തന്നെയാണ് നെല്ലിക്ക. ഇത് നിങ്ങളുടെ പ്രതിരോധശേഷിക്ക് ഉത്തമമാണ്. നെല്ലിക്ക നിങ്ങള്‍ക്ക് ചൂടുവെള്ളത്തില്‍ അരച്ചുകലക്കി ഒഴിഞ്ഞ വയറ്റില്‍ കഴിക്കാം. ആന്റിഓക്സിഡന്റുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുമ്പോള്‍ ആന്തരികമായി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തിളങ്ങുന്ന ചര്‍മ്മവും തിളങ്ങുന്ന മുടിയും നേടാനും ഇത് സഹായകമാണ്.
തേന്‍ വെറും വയറ്റില്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യുന്നു. ഈ വഴി ചര്‍മ്മത്തിനും പ്രതിരോധശേഷിക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അധിക രുചിക്കും പോഷകങ്ങള്‍ക്കുമായി ഈ വെള്ളത്തിലേക്ക് നിങ്ങള്‍ക്ക് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ഈ പാനീയം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. ഈ പാനീയത്തിന്റെ ആന്റി ബാക്ടീരിയല്‍ സത്ത് ശരീരത്തിന്റെ പ്രതിരോധശേഷിക്ക് മികച്ചതാണ്.

തുളസി അഞ്ച് തുളസി ഇലകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ ഈ വെള്ളം ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക. ആരോഗ്യത്തിന് തുളസി നല്‍കുന്ന വിവിധ ഗുണങ്ങള്‍ നിരവധിയാണ്. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട ഗുണം അണുബാധകളോട് പോരാടാനും നമ്മുടെ പ്രതിരോധശേഷി നിലനിര്‍ത്താനും ഉള്ള തുളസിയുടെ കഴിവാണ്. പബ്‌മെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ഗ്ലൂക്കോസ്, രക്തസമ്മര്‍ദ്ദം, ലിപിഡ് പ്രൊഫൈലുകള്‍ എന്നിവ സാധാരണ നിലയിലാക്കാനും മാനസികവും രോഗപ്രതിരോധ സമ്മര്‍ദ്ദവും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന സുരക്ഷിതമായ ഔഷധമാണ് തുളസി എന്നാണ്.
രോഗപ്രതിരോധശേഷി കൂട്ടാന്‍ വഴികള്‍

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ചില വഴികളുണ്ട്. ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിച്ച് രോഗപ്രതിരോധ ശേഷി നേടാന്‍ ഓരോരുത്തരും ജീവിതത്തില്‍ ഇത്തരം ചില മാറ്റങ്ങള്‍ കൊണ്ടുവരിക.

* ആരോഗ്യകരമായതും പോഷകസമ്പുഷ്ടവുമായതുമായ ഭക്ഷണക്രമം

* പതിവായുള്ള വ്യായാമം

* സമ്മര്‍ദ്ദം നിയന്ത്രിക്കുക

* നല്ല ഉറക്കശീലം വളര്‍ത്തുക

* നല്ല ശുചിത്വം പാലിക്കുക

* ആവശ്യത്തിന് വെള്ളം കുടിക്കുക