സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം; ഈദ് ഗാഹുകളില്ല

റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ ഈദുല്‍ അദ്ഹാ നമസ്‌കാരം പള്ളികളില്‍ മാത്രമായിരിക്കുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ഈദ് നമ്‌സകാരങ്ങള്‍ പള്ളികളില്‍  മാത്രമേ അനുവദിക്കാവൂ എന്ന് എല്ലാ മേഖലകളിലേയും മന്ത്രാലയത്തിന്റെ ശാഖകള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിവിധ മാധ്യമങ്ങള്‍ വഴി ഇസ്്‌ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്.

പള്ളികള്‍ അടച്ചിട്ടതിനാല്‍ സൗദിയില്‍ ഈദുല്‍ ഫിതര്‍ നമസ്‌കാരങ്ങള്‍ വീടുകളിലാണ് നിര്‍വഹിച്ചിരുന്നത്. രാജ്യത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി മേയ് 31 നാണ് പള്ളികള്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി തുറന്നത്. വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനു മുമ്പ് രാജ്യത്തെ 90,000 പള്ളികളില്‍ അണുനശീകരണം നടത്തി.

ഈദുല്‍ അദ്ഹാ അവധിക്കാലം ജൂലൈ 31 ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.